
ഒരുകാലത്ത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിൽ സുപ്രധാന സ്ഥാനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ആർ.എസ്.പി. ഐ.എൻ.ടി.സിയുടെയും സി.ഐ.ടി.യുവിന്റെയുമൊക്കെ കീഴിൽ പ്രവർത്തിക്കുന്ന ഇന്നത്തെ ചുമട്ടുതൊഴിലാളി യൂണിയനുകളെപ്പോലെഅംഗബലവും ശക്തിയുമുണ്ടായിരുന്ന നാവികത്തൊഴിലാളി യൂണിയനും, ദേവസ്വം ജീവനക്കാരുടെ യൂണിയനുമൊക്കെ പ്രവർത്തിച്ചിരുന്നത് ആർ.എസ്.പിയുടെ തൊഴിലാളി വിഭാഗമായിട്ടായിരുന്നു. മറ്റ് രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി അണ്ണൻ- ചേട്ടൻ സംസ്‌ക്കാരം നിലനിന്നിരുന്ന പാർട്ടി കൂടിയായിരുന്നു ആർ.എസ്.പി. ടി.കെ. ചേട്ടനും (ടി.കെ. ദിവാകരൻ), ശ്രീകണ്ഠൻ ചേട്ടനും (എൻ. ശ്രീകണ്ഠൻ നായർ), പങ്കേണ്ണനും(കെ. പങ്കജാക്ഷൻ), ബാലേണ്ണനും(കെ. ബാലകൃഷ്ണൻ) ഒക്കെ നേതൃത്വം കൊടുത്തുവളർത്തിയ ആർ.എസ്.പിയെ ആ സംസ്‌ക്കാരത്തിന്റെ അവസാന കണ്ണിയായി ഇന്ന് നേതൃത്വത്തിലുള്ളത് എ.എ. അസീസ്(അസീസ് ചേട്ടൻ) മാത്രമാണ്്. ബേബിജോൺ പക്ഷെ ബേബിസാറായിരുന്നു.
ആർ.എസ്.പിയെ സംബന്ധിച്ചിടത്തോളം അതൊരു സുവർണ്ണകാലഘട്ടമായിരുന്നു. സംസ്ഥാന നിയമസഭയിൽ ഒൻപത് എം.എൽ.എമാരും രണ്ട് മന്ത്രിമാരുമൊക്കെ അന്ന് പാർട്ടിക്കുണ്ടായിരുന്നു. എന്നാൽ പിന്നീട്, പലവിധ കാരണങ്ങളാൽ പിളർപ്പുകൾക്ക് പലവട്ടം വിധേയമാകേണ്ടി വന്നപ്പോൾ സ്വാഭാവികമായ ശക്തിക്ഷയം ആർ.എസ്.പിക്കുണ്ടായി. അത് ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടി വന്നത് 2014 ലെ മുന്നണി മാറ്റത്തോടെയാണ്.
നിയമസഭയിലെ സംപൂജ്യൻ
എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന ആർ.എസ്.പി, കൊല്ലം ലോക്‌സഭാ സീറ്റിന്റെ വിഷയത്തിലാണ് 2014 ൽ അവിടെനിന്നും പടിയിറങ്ങിയതും, യു.ഡി.എഫിന്റെ പടി ചവിട്ടിയതും തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൊല്ലത്ത് മത്സരിച്ച എൻ.കെ. പ്രേമചന്ദ്രൻ മികച്ച വിജയം നേടിയെങ്കിലും തുടർന്ന് 2016 ലും 2021 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, മത്സരിച്ച അഞ്ച് സീറ്റുകളിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്നുപറഞ്ഞാൽ 2016 ലേയും 2021 ലേയും നിയമസഭകളിൽ ആർ.എസ്.പിക്ക് പേരിനുപോലും പ്രാതിനിധ്യമില്ലാതായി. ആർ.എസ്.പിയുടെ അന്നോളമുള്ള ചരിത്രത്തിൽ അങ്ങനൊരു 'സംപൂജ്യ' പ്പട്ടം ഉണ്ടായിട്ടില്ല.
അതോടെ, ഇപ്പോൾ പ്രേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുള്ളതുപോലെ, ലോക്‌സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം തകർത്തു, രാഷ്ട്രീയ അന്തസ് പണയം വച്ചു എന്നൊക്കെയുള്ള വിമർശനങ്ങൾ എല്ലാകോണുകളിൽ നിന്നും പ്രേമചന്ദ്രനുനേരെ പാഞ്ഞു. അന്നത്തെ നിർണ്ണായകമായ സാഹചര്യത്തിൽ പാർട്ടി നേതൃത്വം കൂട്ടായിട്ടെടുത്ത തീരുമാനത്തിന്റടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് വിട്ടതെന്നാണ്, അതേത്തുടർന്നും ഇപ്പോഴും പ്രേമചന്ദ്രൻ പറയുന്നതെങ്കിലും അപ്പോഴത്തെ സാഹചര്യത്തിൽ മുന്നണിമാറ്റം ഒരു നഷ്ടക്കച്ചവടമായിരുന്നു എന്ന വസ്തുത അംഗീകരിക്കാതിരിക്കാനാവില്ല. 2014 ലും 2019 ലും 2024 ലും കൊല്ലത്തുനിന്ന് വിജയിച്ച് പാർലമെന്റിലേക്ക് പോകുവാൻ പ്രേമചന്ദ്രന് കഴിഞ്ഞെങ്കിലും പാർട്ടിയിൽ മറ്റാർക്കും ആ ചുവടുമാറ്റം ഗുണകരമായില്ല. നേരെമറിച്ച് അന്ന് മുന്നണി മാറാതെ എൽ.ഡി.എഫിൽ തന്നെ നിന്നിരുന്നു എങ്കിൽ 16 ലേയും 21 ലേയും മന്ത്രിസഭകളിൽ ആർ.എസ്.പിയുടെ പ്രതിനിധിയുണ്ടായേനെ എന്ന് വിലയിരുത്തുന്നവരുണ്ട്. നിരവധി ബോർഡുകളിലും കോർപ്പറേഷനുകളിലും ആർ.എസ്.പിക്കാർ നോമിനേറ്റ് ചെയ്യപ്പെടുമായിരുന്നു. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ 2014 ലെ മുന്നണിമാറ്റം പ്രേമചന്ദ്രൻ എന്ന വ്യക്തിക്ക് പ്രയോജനപ്പെട്ടെങ്കിലും പാർട്ടിക്കും അണികൾക്കും അതൊരു വലിയ നഷ്ടക്കച്ചവടമായിഎന്നായിരുന്നു പാർട്ടിക്കുള്ളിലെ വിമർശനം.
ആ ഒരു ചിന്ത ആർ.എസ്.പിക്കുള്ളിൽ നീറിപ്പടർന്നുകൊണ്ടിരിക്കുമ്പോഴാണല്ലോ പിന്നെയും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം മൂന്നാമൂഴത്തിന് തയ്യാറെടുത്തപ്പോൾ 2016 ൽ കൈവിട്ടുപോയ അധികാരം ഏതുവിധേനയും തിരിച്ചുപിടിക്കേണ്ടത് നിലനിൽപ്പിന്റെ ആവശ്യകതയായിക്കണ്ട പാർട്ടികളായിരുന്നു യു.ഡി.എഫിലെ ഓരോ ഘടകകക്ഷികളും. ഇക്കുറി കൂടി ഭരണത്തിലേറാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസും മുസ്ലീംലീഗും ഒഴിച്ചുള്ള പാർട്ടികളൊക്കെയും പിടഞ്ഞുമരിക്കും എന്നുള്ള കാര്യം ഉറപ്പായിരുന്നു. അതേസമയം സംസ്ഥാനത്ത് വലിയൊരു ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ടെന്നും, ആ വിരുദ്ധവികാരം യു.ഡി.എഫിന് അനുകൂലമാകുമെന്നുമുള്ള ഒരു സംസാരം നിലവിലുണ്ടായിരുന്നുതാനും. അതേത്തുടർന്ന് യു.ഡി.എഫിലെ ഘടകകക്ഷികളൊക്കെയും സ്ഥാനാർത്ഥി നിർണ്ണയകാര്യത്തിലായാലും, വിമത ഭീഷണി പറഞ്ഞൊതുക്കുന്ന കാര്യത്തിലായാലുമൊക്കെ അരയും തലയും മുറുക്കി ഒരേ മനസ്സോടെ രംഗത്തുവന്നപ്പോൾ ആർ.എസ്.പിയിൽ കാര്യങ്ങൾ അത്ര സുഖകരമായല്ല മുൻപോട്ടുപോയത്. മുൻകാലങ്ങളിലെപ്പോലെ തന്നെ ഇക്കുറിയും പാർട്ടിക്ക് അഞ്ച് സീറ്റ് ലഭിച്ചപ്പോൾ ചവറയുടെ കാര്യത്തിൽ ആർക്കുമുണ്ടായില്ല എതിർപ്പ്. ചവറയിൽ ഷിബുബേബിജോൺ തന്നെ മത്സരിക്കണമെന്ന് നേതൃയോഗത്തിൽ ഏകാഭിപ്രായം ഉയർന്നപ്പോൾ കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനുമായി മത്സരിച്ച് രണ്ട് തുടർപരാജയങ്ങൾ ഏറ്റുവാങ്ങിയ ഉല്ലാസ് കോവൂരിന്റെ കാര്യത്തിലും ഏകാഭിപ്രായമായിരുന്നു. പിന്നീടുള്ളത് പയ്യന്നൂരും ആറ്റിങ്ങലും ഇരവിപുരവും. അതിൽ പയ്യന്നൂരും ആറ്റിങ്ങലും പ്രതീക്ഷയില്ലാത്ത സീറ്റുകളാണെങ്കിലും ഇരവിപുരത്തിന്റെ കാര്യം അങ്ങനെയല്ലായിരുന്നു. ആർ.എസ്.പിക്ക് അത്യാവശ്യം വേരോട്ടമുള്ള ഇരവിപുരം, പലവട്ടം ആർ.എസ്.പി സ്ഥാനാർത്ഥികൾക്ക് പരവതാനി വിരിച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവിൽ എ.എ. അസീസായിരുന്നു ഇരവിപുരത്ത് നിന്നും വിജയിച്ച ആർ.എസ്.പിക്കാരൻ. 2011 ൽ. 2016 ലും 2021 ലും സി.പി.എമ്മിലെ എം. നൗഷാദാണ് ഇരവിപുരത്തുനിന്ന് വിജയിച്ചത്.
എന്നാൽ ഇത്തവണ പൊതുവേ യു.ഡി.എഫിന് ഒരു അനുകൂല വിജയപ്രതീക്ഷ നിലവിലുണ്ടായിരുന്നതിനാൽ ഇരവിപുരത്തേയ്ക്ക് പാർട്ടിയിലെ പല മുതിർന്ന നേതാക്കൾക്കും ഒരു നോട്ടമുണ്ടായിരുന്നു. പക്ഷേ ആരൊക്കെയോ കൂടി ഒരു പുതുമുഖ സ്ഥാനാർത്ഥിയെ ചുമന്നുകൊണ്ടുവരാൻ ശ്രമിച്ചു. കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന്റെ പേരിൽ അവർ ഉയർത്തിക്കൊണ്ടു വന്നത്. ആർ.എസ്.പിയുടെ യുവജനവിഭാഗത്തിലോ ഒന്നും പ്രവർത്തിച്ചിട്ടില്ലാത്ത കാർത്തിക്ക് കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. അച്ഛൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രം പ്രവർത്തനത്തിനിറങ്ങുന്ന കാർത്തിക്ക് രാഷ്ട്രീയത്തോട് അങ്ങനൊരു താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ള യുവാവുമല്ല. എന്നിട്ടും സീറ്റ് ചർച്ചകൾക്കിടയിലേക്ക് ആ ഒരു പേര് ചിലർ വലിച്ചിഴച്ചുകൊണ്ടുവന്നത് പ്രേമചന്ദ്രന്റെ മൗനാനുവാദത്തോടെയാണെന്നും വിമർശനമുണ്ടായി. പ്രേമചന്ദ്രൻ നിഷേധിച്ചെങ്കിലും യു.ഡി.എഫിൽ അത് തുടക്കത്തിലേ കല്ലുകടിയായി മാറുകയും, പാർട്ടിയിലെ മുതിർന്ന പ്രധാന നേതാക്കളായ പ്രേമചന്ദ്രനും ഷിബുബേബിജോണും എ.എ. അസീസും താൽക്കാലികമായിട്ടാണെങ്കിൽ കൂടി മാനസികമായി അകലാൻ കാരണമാവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ആർ.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണുമോഹന്റെ പേര് ഇരവിപുരത്തേക്ക് ഉയർന്നുവന്നത്. അതെന്തായാലും പ്രേമചന്ദ്രൻ അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും കാർത്തിക് പ്രേമചന്ദ്രന്റെ പേര് ഇരവിപുരത്തെ സ്ഥാനാർത്ഥി ചർച്ചകളിൽ ഉയർന്നുവന്നത് പ്രേമചന്ദ്രന് ചെറുതല്ലാത്ത അവമതിപ്പുണ്ടാക്കി എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. ഒപ്പം ഫലം വന്നപ്പോൾ ഇരവിപുരത്ത് വിഷ്ണു മോഹൻ ജയിക്കുക കൂടി ചെയ്തപ്പോൾ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഷിബുബേബിജോൺ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരവുമായി.
അതോടെ ഇത്രനാളും എൻ.കെ. പ്രേമചന്ദ്രൻ എന്ന ഒരേയൊരു വ്യക്തിയുടെ പാർലമെന്ററി മികവിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന ആർ.എസ്.പി അവിടുന്നുമാറി കൂട്ടായ നേതൃത്വത്തിൻ കീഴിൽ വരികയും ചെയ്തു.
അതുമാത്രവുമല്ല ആർ.എസ്.പിക്ക് കൊടുത്ത പയ്യന്നൂർ സീറ്റിൽ സി.പി.എം വിമതൻ കുഞ്ഞിക്കണ്ണൻ വിജയിച്ചതും, ഷിബുബേബിജോണിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയായിട്ടാണ് വിലയിരുത്തുന്നത്. പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച കുഞ്ഞിക്കണ്ണനെ യു.ഡി.എഫ് സ്വതന്ത്രനാക്കുവാൻ വേണ്ടി ആർ.എസ്.പിയുടെ സീറ്റ് വിട്ടുനൽകുവാൻ മുൻകൈ എടുത്തത് ഷിബുബേബിജോണാണ്. അങ്ങനെ ഫലത്തിൽ അഞ്ചിൽ നാല് സീറ്റിലും ആർ.എസ്.പി വിജയിച്ചു എന്നുപറയാം. ആറ്റിങ്ങൽ സീറ്റിൽ മത്സരിച്ച സന്തോഷ് ഭദ്രൻ മാത്രമാണ് പരാജയപ്പെട്ടത്.
മടങ്ങിവരവ്
ചുരുക്കത്തിൽ 2016 ലും 2021 ലും പൂജ്യം പാർട്ടിയായിരുന്ന ആർ.എസ്.പിയുടെ, പഴയ പ്രതാപത്തോടെയുള്ള മടങ്ങിവരവിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. അതുമാത്രവുമല്ല വലിയൊരു പിളർപ്പിൽ നിന്ന് ആർ.എസ്.പിയെ രക്ഷിക്കുവാനും ഈ തെരഞ്ഞെടുപ്പ് വിജയം സഹായിച്ചു. പഴയതുപോലെ സംപൂജ്യം പാർട്ടിയായി മാറിയിരുന്നുവെങ്കിൽ, അതുൾപ്പെടെയുള്ള വിഷയങ്ങൾ കുത്തിപ്പൊക്കി, പരസ്പരം പഴിചാരി ആർ.എസ്.പി രണ്ടായേനെ എന്നുള്ള കാര്യം ഉറപ്പായിരുന്നു. എന്നുമാത്രമല്ല അങ്ങനെ പിളരുന്ന ഒരു വിഭാഗം സി.പി.എം മുന്നണിയിലേക്ക് ചേക്കേറുകയും ചെയ്‌തേനെ.
ഏതായാലും യു.ഡി.എഫിനും ആർ.എസ്.പിക്കും ലഭിച്ച മികച്ച വിജയം അതിനൊന്നും ഇടവരുത്തിയില്ല. പിളർപ്പ് ഒഴിവായെന്നു മാത്രമല്ല ഷിബുബേബിജോൺ മന്ത്രിയാകുക കൂടി ചെയ്തതോടെ പഴയ പ്രതാപത്തിലേക്ക് പാർട്ടി മടങ്ങിവരുകയും ചെയ്തിരിക്കുന്നു. അങ്ങനെ ആർ.എസ്.പിയെ സംബന്ധിച്ചിടത്തോളം 2026 തിളക്കമാർന്ന വർഷമായി മാറിയിരിക്കുന്നു.










